04:19am 11 November 2026
NEWS
രാമനഗര ജില്ല ഇനിമേലിൽ ബംഗളുരു സൗത്ത്; ഡി കെ ശിവകുമാർ അജയ്യനായി മുന്നോട്ട്
23/05/2025  11:18 AM IST
വിഷ്ണുമംഗലം കുമാർ
രാമനഗര ജില്ല ഇനിമേലിൽ ബംഗളുരു സൗത്ത്; ഡി കെ ശിവകുമാർ അജയ്യനായി മുന്നോട്ട്

കർണാടകം: അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന ബംഗളുരുവിനോട് തൊട്ടുകിടക്കുന്ന ചെറിയൊരു ജില്ലയാണ് രാമനഗര. ബംഗളുരുവിലെ വികസനത്തിന്റെ അനുരണനം കുറച്ചൊക്കെ രാമനഗരയിലുമുണ്ട്. ബംഗളുരു എന്നത് വളരെ വിലപിടിപ്പുള്ള ബ്രാൻഡ് നെയിമാണ്. ആ ബ്രാൻഡ് മൂല്യം ഉപയോഗപ്പെടുത്തി രാമനഗരയിലെ വികസനപ്രക്രിയ ത്വരിതപ്പെടുത്താനാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കുറേക്കാലമായി ശ്രമിച്ചുപോരുന്നത്. ബംഗളുരു സൗത്ത് എന്ന പേര് വീഴുമ്പോൾ രാമനഗരയിലെ ഗ്രാമാന്തരങ്ങളിൽ പോലും ഭൂമിവില കുതിച്ചുയരും എന്നാണ് കരുതപ്പെടുന്നത്. നിക്ഷേപകരുടെയും വ്യവസായികളുടെയും ശ്രദ്ധ ബംഗളുരു സൗത്ത്‌ ആയി മാറുന്ന രാമനഗരയിലേക്ക് തിരിയുമെന്നാണ് ഡി കെയുടെ കണക്കുകൂട്ടൽ. ബംഗളുരു നഗരവികസന വകുപ്പ് കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. പേരുമാറ്റം മന്ത്രിസഭായോഗം അംഗീകരിച്ചത് ഡി കെയുടെ വിജയമാണ്. അസംഖ്യം ബോർഡുകളിലും രേഖകളിലും മറ്റും രാമനഗര എന്നതിന് പകരം ബംഗളുരു സൗത്ത് സ്ഥാനം പിടിക്കുമ്പോൾ ബംഗളുരു നഗരത്തിന്റെ വ്യാപ്തിയാണ് കാഴ്ച്ചയിലും അനുഭവത്തിലും വികസിക്കുന്നത്. കേരളത്തിൽ നിന്നും റോഡുമാർഗ്ഗം മൈസൂരു വഴി വരുന്നവർ മന്ധ്യ കഴിയുമ്പോൾ തന്നെ ബംഗളുരുവിലെത്തിയ പ്രതീതിയാണുണ്ടാവുക. നിലവിലുള്ള ബംഗളുരു അർബൻ, റൂറൽ ജില്ലകളോട് രാമനഗര കൂട്ടിച്ചേർക്കുന്നില്ല. ബംഗളുരു സൗത്ത് എന്ന് പേരുമാറ്റി അവയോട് ചേർത്തി നിർത്തുകയാണ് ചെയ്യുന്നത്. ബംഗളുരുവിന്റെ പ്രശസ്തിയും വികസനമികവും രാമനഗരയിലെ ഗ്രാമാന്തരങ്ങളിലും അനുഭവപ്പെടുമെന്ന് ചുരുക്കം. പുതിയകാലത്തെ മാർക്കറ്റിങ് തന്ത്രമാണ് ഡി കെ സമർത്ഥമായി പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായ ഡി കെയും ജെഡിഎസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയും തമ്മിലുള്ള അധീശത്വ പോരാട്ടമാണ് രാമനഗരയെ കേന്ദ്രീകരിച്ചു നടക്കുന്നത്. ഇരുനേതാക്കളുടെയും പ്രധാന തട്ടകമാണ് വൊക്കലിഗ ബെൽറ്റായ രാമനഗര. ഡി കെ തുടർച്ചയായി ജയിച്ചുകയറുന്ന കനകപുര മണ്ഡലം ഈ ജില്ലയിലാണ്. രാമനഗരത്തെ ഒന്നിലേറെ തവണ കുമാരസ്വാമി നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 2006ൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കവെയാണ് കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയായത്. അദ്ദേഹത്തിന്റെ പിതാവ് ദേവഗൗഡ 1994 ൽ മുഖ്യമന്ത്രിയായതും രാമനഗരയിൽ നിന്ന് വിജയിച്ചാണ്. ബംഗളുരു റൂറൽ, മന്ധ്യ, തുമക്കൂരു ജില്ലകളുടെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് 2007 ൽ രാമനഗര ജില്ല രൂപീകരിച്ചത് കുമാരസ്വാമിയാണ്. രാമനഗര ജില്ലയിലെ പ്രധാന നിയമസഭാ മണ്ഡലങ്ങൾ ജെഡിഎസ്സിന്റെ കയ്യിലായിരുന്നു. അവ ഓരോന്നായി ഡി കെയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പിടിച്ചെടുക്കുകയായിരുന്നു. ബംഗളുരു അർബൻ, റൂറൽ, മന്ധ്യ, തുമക്കൂറു ജില്ലകൾക്ക് പുറമെ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയും രാമനഗറിന് അതിരിടുന്നുണ്ട്. പേരുമാറ്റം അംഗീകരിക്കപ്പെട്ടതോടെ ഡി കെ ഒരുപടി കൂടി മുന്നേറിയിരിക്കുന്നു. ജില്ലയുടെ പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഡി കെ വ്യക്തമാക്കുന്നു. പേരു മാത്രമെ മാറുന്നുള്ളൂ. അതിർത്തികളോ ആസ്ഥാനമോ മാറുന്നില്ല. ബംഗളുരു സൗത്ത് ലോകസഭ- നിയമസഭാമണ്ഡലങ്ങൾ നിലവിലുണ്ട്. അവ ബംഗളുരു അർബൻ, റൂറൽ ജില്ലകളിൽ പെടുന്നതാണ്. രാമനഗര ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ ബംഗളുരു റൂറൽ ലോകസഭാമണ്ഡലത്തിന്റെ പരിധിയിലാണ്. സഹോദരൻ ഡി കെ സുരേഷ് രണ്ടുതവണ ജയിച്ചിരുന്ന ബംഗളുരു റൂറൽ ലോകസഭാമണ്ഡലം കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഡോക്ടർ മഞ്ജുനാഥ് പിടിച്ചെടുത്തതാണ് ഡി കെയ്ക്ക് ക്ഷീണമുണ്ടാക്കിയ ഏക സംഗതി. കുമാരസ്വാമിയുടെ സഹോദരീ ഭർത്താവാണ് ഡോക്ടർ മഞ്ജുനാഥ്. കുമാരസ്വാമിയും മഞ്ജുനാഥും രാമനഗരയുടെ പേരുമാറ്റത്തിന് എതിരാണ്. കേന്ദ്രത്തിന്റെ പിന്തുണയില്ലെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആശീർവാദത്തോടെ ബംഗളുരു സൗത്ത് പദ്ധതിയുമായി മുന്നേറുകയാണ് ഡി കെ ശിവകുമാർ എന്ന കരുത്തനും ഉത്സാഹശാലിയുമായ
രാഷ്ട്രീയക്കാരൻ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img